Skip to main content

മാമ്പഴം കവിത ആസ്വാദനം


ഗ്രാമജീവിതത്തിന്റെ നന്മവഴികളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ ചിത്രീകരിച്ച പ്രശസ്തനായ മലയാള കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍.  ഗ്രാമീണ ജീവിതത്തെ ഇത്ര മനോഹരമായി മലയാളിക്ക് പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു പറയാം.   വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്നത് മാമ്പഴം എന്ന കവിതയിലെ വരികളാണ്.  കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ. 

വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.  വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു. 
"മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ,
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ" 
എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാൻ താൻ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണിൽ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുൻപേ മരിച്ചുപോയി.  കൊച്ചു കുട്ടികൾക്ക് അക്ഷരം കൂട്ടിച്ചൊല്ലാറായിട്ടില്ലെങ്കിലും അവർ മൊഴിയുന്നത് അർത്ഥ പൂർണ്ണമാകുന്നു.  നിഷ്കളങ്കതയാണ് അവർക്ക് പ്രവചന ശക്തി നൽകുന്നതെന്ന് വരാം.  മാമ്പഴം പെറുക്കാൻ ഞാൻ വരുന്നില്ല എന്ന് കുട്ടി പറഞ്ഞ വാക്കുകൾ ദീർഘ ദർശനമായി പരിണമിച്ചു.

കുഞ്ഞിനോടുള്ള സ്നേഹവും കുഞ്ഞിനെന്തെങ്കിലും ദണ്ഡം പിണയുമ്പോൾ അസ്വസ്ഥവും അധീരവുമാകുന്ന അമ്മയുടെ ദുഃഖവും മാമ്പഴം എന്ന കവിതയിൽ ഉടനീളം കാണാം.  കൊച്ചുമകൻ കൗതുകവശാൽ കാണിച്ച കുസൃതി രസിക്കാത്ത 'അമ്മ അവനെ ശാസിച്ചെങ്കിലും പിന്നീട് മകന്റെ പെട്ടെന്നുള്ള മരണം അമ്മയെ തീരാദുഖത്തിലാഴ്ത്തുന്നു.   സാധാരണമായ ഈ സംഭവത്തെ അസാധാരണമായ ഒരു വികാരമാക്കി വൈലോപ്പിള്ളി മാറ്റിയിരിക്കുന്നു.  അതോടൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു.  അങ്കണത്തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുമ്പോൾ സാധാരണ ഗതിയിൽ സന്തോഷിക്കുന്നതിനു പകരം 'അമ്മ കണ്ണീരൊഴുക്കുകയാണ്.  ഈ വൈരുദ്ധ്യവും അതിന്റെ പിന്നിൽ ഗൗരവപൂർണ്ണവും ദാരുണവുമായ എന്തോ ഉണ്ടെന്ന തോന്നലിൽ നിന്നുള്ള ജിജ്ഞാസയും തുടക്കം മുതലേ കാവ്യത്തിൽ കാണുന്നു.  അമ്മയുടെ കണ്ണീരിനെ നിഷ്ഫലമാക്കുന്ന, ദൈന്യത്തെ വർദ്ധിപ്പിക്കുന്ന വൈരുദ്ധ്യങ്ങൾ കാവ്യത്തിലുടനീളം കാണാം.  കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി 'അമ്മ കഴിയുമ്പോൾ, പാരിനെക്കുറിച്ച് ഉദാസീനനായി, വാനവർക്കാരോമലായി മകൻ വാഴുന്നു.  ആർക്കും വേണ്ടാതെ മുറ്റത്ത് കിടക്കുന്ന മാമ്പഴത്തിന്റെ മുന്നിൽ സ്തബ്ധയായി നിൽക്കുന്ന അമ്മയുടെ ചിത്രത്തിന് സമാന്തരമായി മാവിൻ ചോട്ടിൽ കളിവീടുണ്ടാക്കുന്ന അയൽവീട്ടിലെ കൊച്ചുകുട്ടികളെ കവി അവതരിപ്പിക്കുന്നു.  

'അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്‌കെ
അമ്മ തൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ
എന്ന് തുടങ്ങി 
'ഒരു തൈക്കുളിർ കാറ്റായരികത്തണഞ്ഞപ്പോ-
ലരുമക്കുഞ്ഞിൻ പ്രാണനമ്മയെ യാശ്ലേഷിച്ചു.'

എന്ന് വരെയുള്ള വരികളിൽ കൂടി മാതൃത്വത്തിന്റെ മഹനീയതയും ശൈശവത്തിന്റെ നിഷ്കളങ്കതയും വൈലോപ്പിള്ളി ആവിഷ്കരിച്ചിരിക്കുന്നു.  തൈക്കുളിർ കാറ്റായി മകന്റെ പ്രാണൻ അമ്മയെ ആശ്ലേഷിക്കുന്നുവെന്ന പരാമര്ശത്തിലൂടെ മരണത്തിനു പോലും വേര്പെടുത്താനാവാത്തതാണ് മാതൃപുത്ര ബന്ധമെന്നുള്ള തന്റെ വിശ്വാസം വൈലോപ്പിള്ളി വ്യക്തമാക്കുന്നു.  പിണങ്ങി പോയാലും പിന്നെ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി ഉണ്ണാൻ വരാറുള്ള മകന്റെ രൂപം മാമ്പഴത്തിലെ 'അമ്മ ഓർക്കുന്നുണ്ട്.  അമ്മയുടെ വാത്സല്യത്തിന്റെയും ചൂട് കവിതയിലൂടെ നിലനിർത്താൻ മാമ്പഴത്തിന് കഴിഞ്ഞിരിക്കുന്നു

Comments

Post a Comment

Popular posts from this blog

ഇന്ന് ഞാൻ നാളെ നീ - കവിത

പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്.   മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു.   മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിലൊന്നാണ് ' ഇന്ന് ഞാൻ നാളെ നീ '.     ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം.   മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു.   മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ നിവൃത്തിയുള്ളു.   നിയതിയുടെ ഗതിക്കു മുമ്പിൽ നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു.   അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചിരിക്കുന്നത്. ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ കാണുന്നു.   പാതവക്കത്തെ മരത്തിന്റെ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ , ഏറ്റവും പേടിച്ചരണ്ട ചില ശുഷ്‌കപത്രങ്ങൾ ഞെട്ടറ്റു വീഴുമ്പോൾ , ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം...

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസം

സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടു കൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക-  ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം.   ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം.   ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട് , ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിന...